About Us

Kerala High court employees credit co-operative Society

സംഘത്തിന്റെ പ്രാരംഭം: തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ ചൂഷണം ചെയ്ത് വളർന്ന വട്ടിപ്പലിശക്കാരുടെ ദൂഷിത വലയത്തിലായിരുന്നു ഒരു കാലത്ത് ഹൈക്കോടതിയിലെ തുച്ച വരുമാനക്കാരായ ഭൂരിപക്ഷം ജീവനക്കാരും. അതിൽ നിന്നൊരു മോചനമാർഗമെന്ന നിലയിലാണ് ദീർഘവീക്ഷണമുള്ള ഏതാനും വ്യക്തികൾ ചേർന്ന് സഹകരണസംഘം ആരംഭിക്കുന്നത്. 1988 ജൂണിൽ പ്രവർത്തനമാരംഭിക്കുന്നതിന്, മുൻ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.എസ് പരിപൂർണൻ അവർകളുടെ മാർഗനിർദ്ദേശങ്ങൾ ഏറെ സഹായകരമായി. മിതമായ നിരക്കിൽ അംഗങ്ങൾക്ക് വായ്പ നൽകുക, അവരുടെ സമ്പാദ്യശീലം വളർത്തുക എന്നിവയായിരുന്നു തുടക്കത്തിൽ ലക്ഷ്യം വച്ചത്. സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ദിവംഗതനായ കെ. ഗംഗാധരൻ നായരും ആദ്യ ഓണററി സെക്രട്ടറി ശ്രീ. ഇ. സോമനും ആയിരുന്നു. ആരംഭദശയിൽ 123 അംഗങ്ങളും 20,800/- രൂപയുടെ പ്രവർത്തന മൂലധനവുമാണുണ്ടായിരുന്നത്. ഇന്ന് സാധാരണ – അടിയന്തിര – വിദ്യാഭ്യാസ – ഉപഭോക്‌തൃ – വാഹന – വായ്പകൾ അംഗങ്ങൾക്ക് ലഭ്യമാണ്. കൂടാതെ ക്ഷേമ പ്രവർത്തനങ്ങളായി 2 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷയും, 3 ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭ്യമാകുന്ന മെഡി ക്ലയിം ഇൻഷ്വറൻസ് പദ്ധതിയും നിലവിലുണ്ട്. കൂടാതെ മരണാനന്തര സഹായ നിധി, വിദ്യാഭ്യാസ അവാർഡ്, ദുരിതാശ്വാസ – കാരുണ്യ സഹായ പ്രവർത്തനങ്ങൾ തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളിലും സംഘം മുന്നിട്ട് നിൽക്കുന്നു. 31.5.2022 ൽ 1313 അംഗങ്ങളും 1,25,26,050/- രൂപയുടെ ഓഹരി മൂലധനവുമുണ്ട്. സംഘം ജീവനക്കാരുടെ അശ്രാന്തപരിശ്രമവും അർപ്പണ മനോഭാവവും , ഭരണ സമിതിയംഗങ്ങളുടെ അനുഭവജ്ഞാനവും നവഭാവനയും സംഘത്തിന്റെ അഭിവൃദ്ധിക്ക് കരുത്തേകുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സംഘം ഇന്ന് സംഘ ശ്രേണീകരണത്തിൽ അത്യുന്നത പദവിയായ ക്ലാസ് – 1 സൂപ്പർ ഗ്രേഡിൽ എത്തിച്ചേർന്നിരിക്കുകയാണ്. ശ്രീ സി.എസ്.ദിവാകരൻ, ശ്രീ ഡി.ജി.സുരേഷ്, ശ്രീ എം. ആർ. അരവിന്ദാക്ഷൻ, ശ്രീ സുധീഷ് ടി.എ. എന്നിവർ സംഘത്തിന്റെ അദ്ധ്യക്ഷൻമാരായിരുന്നു. ശ്രീ. പരമേശ്വരൻ.പി.എസ്. 2017 ൽ ആദ്യ ഉപാദ്ധ്യക്ഷനായി. ദീർഘകാലം സെക്രട്ടറിയായിരുന്ന ശ്രീമതി ശോഭ. എം.കെ. 2022 ഫെബ്രുവരിയിൽ വിരമിച്ചു.